ന്യൂഡൽഹി: ഹൈദരാബാദിലെ കൈയേറ്റവിരുദ്ധ കർമസേനയായ "ഹൈഡ്ര’യുടെ രൂപീകരണത്തിനു പിന്നിലെ പ്രചോദനം അഡോൾഫ് ഹിറ്റ്ലറാണെന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കോണ്ഗ്രസ് ഹൈക്കമാൻഡ്.
രേവന്ത് റെഡ്ഡിയുടെ പ്രസ്താവന പാർട്ടി പ്രത്യയശാസ്ത്രത്തിനും മൂല്യങ്ങൾക്കും നിരക്കാത്തതാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പാർട്ടിയുടെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായും ഭാവിയിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹിറ്റ്ലർ പ്രചോദനമായി എന്ന തരത്തിൽ തെലുങ്കാന മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരേ ബിജെപി, ബിആർഎസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് വിഷയത്തിൽ ഹൈക്കമാൻഡ് പ്രതികരണം തേടിയത്.